04:42pm 12 November 2026
NEWS
അമ്പത് ദിന കർമ്മ പദ്ധതിയുമായി കൊച്ചി നഗരസഭ
13/01/2026  03:17 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അമ്പത് ദിന കർമ്മ പദ്ധതിയുമായി കൊച്ചി നഗരസഭ


 
 2025 ഡിസംബറിൽ നിലവിൽ വന്ന കൊച്ചി നഗരസഭയുടെ ഇരുപത്തൊന്നാമതു കൗൺസിലിന്റെ ആദ്യ പ്രധാന ഉദ്യമമാണ്  ‘അമ്പത് ദിനകർമ്മ പദ്ധതി’.

നഗരം നേരിട്ടുകൊണ്ടിരിക്കുന്ന കൊതുക് പെരുകുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തെരുവുനായ ശല്യവും കൂടാതെ വിശപ്പുരഹിത നഗരം എന്ന ആശയത്തിലൂന്നിയുള്ള ഇന്ദിരാ കാന്റീൻ അടക്കമുള്ള  അമ്പത് ദിവസത്തിനുള്ളിൽ പ്രവർത്തപഥത്തിലെത്തിക്കുവാൻ സാധിക്കുമെന്നുറപ്പുള്ള പരിപാടികളാണ് ഈ അമ്പത് ദിന കർമ്മ പദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കൊച്ചി നഗരസഭയുടെയും മറ്റു സർക്കാർ ഏജൻസികളും പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങളും നഗരത്തിലെ വിവിധ റെസിഡൻസ് അസോസിയേഷനുകൾ അടക്കമുള്ള സാമൂഹ്യസന്നദ്ധ സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് കൊച്ചി നഗരസഭയുടെ ഇരുപത്തൊന്നാമതു 
കൗൺസിലിന്റെ ഈ ഇരുപത്തൊന്ന് പദ്ധതികളും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. അമ്പത് ദിന കർമ്മ പദ്ധതിയുടെ നടത്തിപ്പിന് എല്ലാ കൊച്ചി നിവാസികളുടെയും പൂർണ്ണ പിന്തുണ അഭ്യർത്ഥിക്കുന്നു. 

1. തീവ്ര കൊതുക് നിവാരണ യജ്ഞം
 
കൊതുക് നിയന്ത്രണമാണ് ഈ കൗൺസിൽ ഏറ്റവും ആദ്യം ഏറ്റെടുക്കുന്ന പദ്ധതികളിൽ ഒന്ന്. ഇതിന്റെ ഭാഗമായി കൊതുക് നിവാരണത്തിനായി അമ്പത് ദിവസ കർമ്മ പദ്ധതി തയ്യാറാക്കി നടപ്പിലാക്കും. 

നഗരത്തിലെ എല്ലാ കൊതുക് പ്രജനന കേന്ദ്രങ്ങളും കണ്ടെത്തി കൊതുക് പ്രജനനം നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. നഗരത്തിലെ ഉൾപ്രദേശങ്ങൾ ഉൾപ്പടെയുള്ള എല്ലാ സ്ഥലങ്ങളിലും ശാസ്ത്രീയമായുള്ള ഫോഗിങ് നടത്തുന്നതിനുള്ള സംവിധാനം ഒരുക്കും. ഇതിനായി കൂടുതൽ ഫോഗിങ് മെഷീനുകൾ വാങ്ങുകയും ആവശ്യമായ ആളുകളെ നിയമിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി രണ്ടാഴ്ച്ച കൂടുമ്പോൾ ഡ്രൈ ഡേ ആചരിക്കും. കൊതുക് നിവാരണപ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിനുള്ള ഒരു മോണിറ്ററിങ് യൂണിറ്റ്  ആരംഭിക്കും. വെള്ളം കെട്ടി നിൽക്കുന്ന ചെറിയ കാനകൾ കോരുന്നതിന് അഞ്ച് ലക്ഷം രൂപ ഡിവിഷനുകളിൽ അനുവദിച്ച് കൊതുക് പെരുകുന്നത് തടയും. 
 
2. തെരുവുനായ നിയന്ത്രണം
 
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് എബിസി പദ്ധതിക്ക് ആവശ്യമായ ഉപകരണങ്ങളും ഡോക്ടർമാരുടെയും ഈ മേഖലയിലെ വിദഗ്ധരുടെയും സേവനവും ലഭ്യമാക്കും. വർധിച്ചു വരുന്ന തെരുവ് നായയുടെ ശല്യത്തിന്റെ പശ്ചാത്തലത്തിൽ എ.ബി.സി പദ്ധതി കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ പുതിയ രണ്ട് ഡോഗ് സ്‌ക്വാഡ് വണ്ടികൾ, 15 പുതിയ കെന്നലുകൾ സ്ഥാപിക്കും.  ബ്രഹ്മപുരത്തെ എ.ബി.സി ആശുപത്രി കൂടുതൽ വിപുലമാക്കും. എ.ബി.സി ആശുപത്രിക്ക് ആവശ്യമായ  ഉപകരണങ്ങളും കൂടുതൽ ഡോക്ടർമാരുടെയും സഹായികളുടെയും സേവനം ലഭ്യമാക്കും. ബിപിസിഎല്ലിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടിന്റെ സഹായത്തോടെ പദ്ധതി നടപ്പിലാക്കും. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് ആവശ്യമായ രീതിയിൽ എ.ബി.സി പദ്ധതിയിൽ മാറ്റങ്ങൾ വരുത്തും. 
 
 
3. ഇന്ദിരാ കാന്റീൻ

നഗരത്തിൽ എത്തുന്ന എല്ലാ സാധാരണകാർക്കും ഏറ്റവും മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഇന്ദിരാ കാന്റീൻ പദ്ധതി ആരംഭിക്കും. ആദ്യ ഘട്ടത്തിൽ നോർത്ത് പരമാര റോഡിലെ സമൃദ്ധിയുമായി ചേർന്നും പശ്ചിമ കൊച്ചിയിൽ ഫോർട്ട്കൊച്ചിയിലും‘ഇന്ദിരാ കാന്റീൻ’ പ്രവർത്തനം ആരംഭിക്കും. ഈ കാന്റീനുകൾ വഴി ഏറ്റവും മിതമായ നിരക്കിൽ പ്രാതൽ, രാത്രി ഭക്ഷണം എന്നിവ ലഭ്യമാക്കും. പ്രാതലും, രാത്രി ഭക്ഷണവും 10 രൂപക്ക് ലഭ്യമാക്കുന്ന രീതിയിൽ വില നിജപ്പെടുത്തും. അടുത്ത ഘട്ടത്തിൽ നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഇന്ദിരാ കാന്റീൻ തുടങ്ങുവാൻ ഉള്ള നടപടി സ്വീകരിക്കും.
 
4.  നഗരസഭ കാര്യാലയം പൂർണ്ണമായിസജ്ജമാക്കും  
 
ഉദ്ഘാടനം നടത്തിയെങ്കിലും പുതിയ നഗരസഭ കാര്യാലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ മുഴുവനും പൂർത്തീകരിച്ചട്ടില്ല.  നഗരസഭ കാര്യാലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിച്ച് 
കൊച്ചി നഗരസഭയുടെ പഴയ ഓഫീസിലെയും യു .പി.എ.ഡി ഓഫീസിലെയും ഡിപ്പാർട്മെന്റുകൾ സേവനങ്ങളും 
പുതിയ ഓഫീസിലേക്ക് മാറ്റിക്കൊണ്ട് എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടി നഗരസഭ കാര്യാലയം പൂർണ്ണ പ്രവർത്തനക്ഷമമാക്കും. പുതിയ നഗരസഭ കാര്യാലയത്തിൽ കാൻ്റീൻ, ബയോമെട്രിക് പഞ്ചിങ് സിസ്‌റ്റം, ക്യാമറ, മീഡിയ സെൻ്റർ എന്നീ സജജീകരണങ്ങൾ ഒരുക്കും. കാര്യാലയത്തിൽ വാട്ടർ കണക്ഷൻ, ഫയർ എൻ.ഒ.സി എന്നിവയും ലഭ്യമാക്കും. 
 
5. വിസിറ്റർ ഫെസിലിറ്റേഷൻ സെന്റർ

 
പുതിയ നഗരസഭ കാര്യാലയത്തിൽ ഏറ്റവും ആധുനിക രീതിയിൽ സജ്ജീകരിക്കുന്ന ഒരു ഫ്രണ്ട് ഓഫീസ്, ഹെല്പ് ഡെസ്ക് എന്നിവ അടക്കം  ഒരു പുതിയ ഫെസിലിറ്റേഷൻ സെന്റർ (പൊതുജന സേവന കേന്ദ്രം) പ്രവർത്തനമാരംഭിക്കും.  സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാകുന്നതിന് ആവശ്യമായ ജീവനക്കാർ അടക്കം എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കും.
 
6. പുതിയ നഗരസഭ കാര്യാലത്തിലേക്ക് പൊതുഗതാഗത സംവിധാനം  
 
ഹൈ കോർട്ട് ജംഗ്ഷനിൽ നിന്ന് പുതിയ ഓഫീസിലേക്കും തിരിച്ചും പൊതുജനനങ്ങൾക്കു ഉപയോഗിക്കാവുന്ന വിധത്തിൽ മിതമായ നിരക്കിൽ ഇലക്ട്രിക്ക് വാഹന സംവിധാനം ഒരുക്കും. നിലവിൽ ബസ് സർവീസ് ഹൈകോർട്ട് ജംഗ്ഷൻ വരെ മാത്രമുള്ളതിനാൽ, ഈ സംവിധാനം പൊതുജനങ്ങൾക്ക് പുതിയ നഗരസഭ കാര്യാലയത്തിലെത്തുന്നതിനായി സഹായകരമായിരിക്കും. ബിപിസിഎല്ലിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടിന്റെ സഹായത്തോടെ പദ്ധതി നടപ്പിലാക്കും. 
 
7. ഏകജാലക സംവിധാനം
 
കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും. ലഭ്യമാകേണ്ട ലൈസൻസുകൾ, പി.പി.ആർ, റോഡ് അനുമതികൾ , നികുതി എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയെല്ലാം കാര്യക്ഷമമായും സമയബന്ധിതമായും ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു ഏകജാലക സംവിധാനം ഒരുക്കും. ഇതിനായി ആവശ്യമായ ഉദ്യോഗസ്ഥരുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന രീതിയിലായിരിക്കും ഈ ഏകജാലക സംവിധാനം ലഭ്യമാക്കുക. 
 
8. ഫിസിയോതെറാപ്പി സെന്റർ 
 
നഗരത്തിലെ സാധാരണക്കാരായ ജനങ്ങളെ ഉദ്ദേശിച്ചുകൊണ്ട് കുറഞ്ഞ ചിലവിൽ ഫിസിയോതെറാപ്പി സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള കേന്ദ്രങ്ങൾ നഗരത്തിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ആരംഭിക്കും. നഗരത്തിലെ പ്രധാനപ്പെട്ട പ്രൈമറി ഹെൽത്ത് സെന്ററുകൾ വയോജനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ ഫിസിയോതെറാപ്പി സെന്ററുകൾ ആരംഭിക്കും. ഇവിടങ്ങളിലെല്ലാം ആവശ്യമായ ഫിസിയോതെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാക്കുകയും മറ്റ് ഫിസിയോതെറാപ്പിക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും. ബിപിസിഎല്ലിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടിന്റെ സഹായത്തോടെ പദ്ധതി. നടപ്പിലാക്കും. നഗരത്തിലെ ഫോർട്ടുകൊച്ചി ഹോസ്പിറ്റൽ, ഇടപ്പള്ളി തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഫിസിയോതെറാപ്പി സെന്ററുകൾ ആരംഭിക്കും. 
 
 9.  ഗോശ്രീ ജംഗ്ഷൻ - ബി ടി എച്ച് - മോഡൽ റോഡ്
 
ഗോശ്രീ ജംഗ്ഷൻ മുതൽ ബി ടി എച്ച് വരെ ഉള്ള റോഡ് ആധുനിക രീതിയിൽ ഒരു മോഡൽ റോഡായി നവീകരിക്കും. റോഡിന്റെ ഇരുവശങ്ങളിലും ടാക്ടൈൽ പേവിംഗ് ഉൾപ്പെടെ ഭിന്നശേഷി സൗഹൃദമായ ആധുനിക സൗകര്യങ്ങളോടു കൂടിയ ഫുട്പാതുകൾ, സ്ട്രീറ്റ് ലൈറ്റ്, മീഡിയനിൽ ചെടികൾ, ഫീഡിംഗ് പോഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉള്ള ആധുനികമായ ബസ്ഷെൽട്ടർ എന്നിവ ഉൾപ്പെടുത്തികൊണ്ടുള്ള ഒരു മോഡൽ റോഡായിരിക്കും സജ്ജീകരിക്കുന്നത്.
 
 10. ക്ലീൻ കൊച്ചി ക്യാമ്പയിൻ 

നഗരത്തിലെ എല്ലാ പൊതുസ്ഥലങ്ങളിലെയും എല്ലാ തരത്തിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ട് ശുചീകരിച്ച് സംരക്ഷിക്കുന്ന ക്ലീൻ കൊച്ചി ക്യാമ്പയിൻ യുദ്ധകാല അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടപ്പിലാക്കും. ഇതിന്റെ ഭാഗമായി നഗരത്തിൽ അനധികൃതമായി പതിച്ച പോസ്റ്ററുകൾ ഹോർഡിങ്ങുകൾ എന്നിവ നീക്കം ചെയ്യും. 
 

11. അദാലത്ത്
 കൊച്ചി നഗരസഭയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതുമടക്കമുള്ള  എല്ലാ വിഷയങ്ങളും പരിഹരിക്കുന്നതിനായി സോണലുകൾ കേന്ദ്രീകരിച്ച് അദാലത്ത് സംഘടിപ്പിക്കും.  ബഹു. കോടതികളുടെ പരിഗണനയിലുള്ള വിഷയങ്ങളൊഴിച്ചുള്ള എല്ലാ പ്രശ്നങ്ങൾക്കും ഇതുവഴി പരിഹാരം കണ്ടെത്തും.  
 
 
12.  സാനിറ്ററി നാപ്കിൻ ഡിസ്പോസൽ സംവിധാനം
 

നഗരസഭയുടെ എല്ലാ സ്കൂളുകളിലുംസാനിറ്ററി നാപ്കിൻ ഡിസ്പോസൽ സംവിധാനം ഏർപ്പെടുത്തും.  
 
 
13. വെൽനെസ്സ് സെന്ററുകൾ 
 
നഗരത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ സ്ഥലങ്ങളിലും പുതിയ വെൽനെസ്സ് സെന്ററുകൾ ആരംഭിക്കും.   
 
14. ആധുനിക പൊതുശൗചാലയങ്ങൾ 
 
നഗരത്തിലെ വിനോദസഞ്ചാര മേഖലയായ ഫോർട്ടുകൊച്ചിയിൽ രണ്ട് പുതിയ ശൗചാലയമടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊതുശൗചാലയങ്ങൾ നിർമ്മിക്കും.  
 
 
15. ബഡ്‌സ് സ്കൂൾ മാതൃക
 
നഗരസഭയുടെ കീഴിലുളള ബഡ്സ് സ്കൂളിൽ എല്ലാ അവശ്യ സൗകര്യങ്ങളും അടിയന്തര. സൗകര്യങ്ങളും ഒരുക്കിക്കൊണ്ട് ഏറ്റവും മാതൃകാപരമായ രീതിയിൽ തയ്യാറാക്കും.
 
 16. ബയോമെഡിക്കൽ വേസ്റ്റ്
 
ബയോമെഡിക്കൽ വേസ്റ്റ് സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ഇൻസ്നറേറ്ററുകളുടെ പ്രവർത്തനം ഉടനടി ആരംഭിക്കും. നഗരസഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലും സാനിറ്ററി നാപ്കിൻ ഡിസ്പോസൽ സംവിധാനം ഏർപ്പെടുത്തും. 
 
 17. മാർച്ച് 8 -വനിതാദിനം
വനിതാ ദിനത്തോടനുബന്ധിച്ച് എഴുത്തുകാരുടെ സാഹിത്യ സംഗമം സംഘടിപ്പിക്കും. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെയും ആദരിക്കും.  
 
 18. ഭക്ഷ്യ മാലിന്യ സംസ്കരണത്തിന് പുതിയപ്ലാന്റ്
 
ബ്രഹ്മപുരത്ത് നിലവിലുള്ള വർദ്ധിച്ചുവരുന്ന മാലിന്യത്തിൻ്റെ അളവ് കണക്കിലെടുത്ത് ബ്രഹ്മപുരത്ത് അമ്പത് ടൺ കപ്പാസിറ്റിയുള്ള പുതിയൊരു വിൻഡ്രോ കമ്പോസ്റ്റിംഗ് പ്ലാൻ്റ് സ്ഥാപിക്കും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി രേഖകളും ആവശ്യമായ എല്ലാ നിയമപരവും ഭരണപരവുമായ എല്ലാ അനുമതികളും അമ്പത് ദിവസത്തിനുള്ളിൽ ലഭ്യമാക്കുകയും ആയതിനുശേഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും. 

 
19. ഫോർട്ട് കൊച്ചി ബീച്ചിന് ഗ്രീൻപ്രോട്ടോകോൾ
 
ഫോർട്ട് കൊച്ചി ബീച്ച് ഗ്രീൻ പ്രോട്ടോകോളിന് വിധേയമായി പരിപാലിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ബീച്ച് ആക്കി മാറ്റും. ഗ്രീൻ  പ്രോട്ടോകോൾ പൂർണ്ണമായും നടപ്പിലാകുന്നു എന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ ഹെൽത്ത് ഇൻസ്പെക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കുകയും പരിശോധനക്കായി പ്രത്യേക കിയോസ്ക്കുകൾ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും. ഇതിനുള്ള നിയമാവലി തയ്യാറാക്കി പ്രവർത്തനം ഉടനടി ആരംഭിക്കും.
 
 
20. ഫീൽ@ഹോം
 
കച്ചേരിപ്പടിയിൽ നിർമ്മാണം പൂർത്തീകരിച്ച എസ്.സി-എസ്.ടി വനിതാ ഹോസ്റ്റൽ പൂർണ്ണമായും സജ്ജീകരിച്ച് പ്രവർത്തനത്തിനായി തുറന്നുകൊടുക്കും. ഷീ ലോഡ്ജുമായി കോർത്തിണക്കിക്കൊണ്ട് ഒരേ മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ഷീ ലോഡ്ജും എസ്.സി-എസ്.ടി ഹോസ്റ്റലും ബുക്ക് ചെയ്യാവുന്ന രീതിയിലായിരിക്കും പ്രവർത്തന സംവിധാനം തയ്യാറാക്കുന്നത്.
 
 
21. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ്
 
നഗരസഭയുടെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിൽ   ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി പൂർണമായും പ്രവർത്തനക്ഷമമാക്കും.

ടോക് വിത്ത് മേയർ
എല്ലാമാസവും പൊതുജനങ്ങൾക്ക് മേയറുമായി നേരിട്ട് സംവദിക്കുവാൻ സാധിക്കുന്ന രീതിയിൽ 
 ‘ടോക് വിത്ത് മേയർ' എന്ന പരിപാടി ആരംഭിക്കും. എല്ലാ മാസത്തിലും ഒരു ദിവസം എറണാകുളം ടൗൺ ഹാളിൽ പൊതുജനങ്ങൾക്ക് മേയറെ നേരിട്ട് കണ്ട് അവരുടെ പരാതികളും പ്രശ്‌നങ്ങളും നിർദേശങ്ങളും സമർപ്പിക്കുന്നതിനുള്ള ഒരു വേദിയായിട്ടാണ്  ‘ടോക് വിത്ത് മേയർ' പ്രവർത്തിക്കുക. സെക്രട്ടറി അടക്കമുള്ള എല്ലാ ഉദ്യോഗസ്‌ഥരും ഈ അവസരത്തിൽ മേയറുടെ കൂടെ സന്നിഹിതരായിരിക്കും. 
ഇതേ ദിവസം തന്നെ മട്ടാഞ്ചേരി ടൗൺ ഹാളിൽ ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ നഗരസഭാ സംഘത്തെ നേരിട്ട് കണ്ട് ജനങ്ങൾക്ക് അവരുടെ പരാതിയും നിർദ്ദേശങ്ങളും സമർപ്പിക്കുന്നതിനുള്ള അവസരവും ഉണ്ടാകും. തുടർന്ന് ഒരോ മാസത്തിലും മേയർ, ഡെപ്യൂട്ടി മേയർ എന്നിവർ എറണാകുളം ടൗൺ ഹാളിലും 
മട്ടാഞ്ചേരി ടൗൺ ഹാളിലും മാറിമാറി പങ്കെടുക്കുന്ന രീതിയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img